കടുവയോപുലിയോ
കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനില്‍ കാട്ടുപന്നിയുടെ ജഡം പകുതിഭാഗം ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് പന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ ആര്‍ആര്‍ടി, വെറ്ററിനറി സംഘങ്ങളുടെ പ്രാഥമിക പരിശോധനയില്‍ ആക്രമണത്തിന് പിന്നില്‍ കടുവയോ പുലിയോ ആകാനാണ് സാധ്യതയെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ സമീപപ്രദേശമായ പാന്ത്രയില്‍ തൊഴിലാളികള്‍ കടുവയെ നേരില്‍ കണ്ടതിനെത്തുടര്‍ന്ന് വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇവിടെ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിട്ടുമുണ്ട്.
സ്കൂളും വില്ലേജ് ഓഫീസും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജനവാസ മേഖലയിലാണ് വീണ്ടും വന്യമൃഗസാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മലയോര നിവാസികള്‍ കടുത്ത ഭീതിയിലാണ്. മേഖലയില്‍ ഉടന്‍ കൂട് സ്ഥാപിച്ച് മൃഗത്തെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.